Wednesday, August 22, 2007

ടൈപ്‌റൈറ്റര്‍ മലയാള ഭീഷണി കംപ്യൂട്ടര്‍ ലോകത്തും

യൂണിക്കോഡിന്റെ വരവോടെ എല്ലാവര്‍ക്കും ഒരേ രീതിയില്‍, ലിപികളുടേയും അക്ഷരങ്ങളുടേയും തനിമ നഷ്ടപ്പെടാതെ മലയാളം എഴുതാനും വായിക്കാനും സൂക്ഷിച്ചുവയ്ക്കാനും കഴിയുമെന്നായിരുന്നു ധാരണ. എന്നാല്‍ ചിലരുടെ പിടിവാശിമൂലം ഇതു നടക്കാതിരിക്കാനാണ് സാധ്യത. അല്ലെങ്കില്‍ എല്ലാവരും ടൈപ്‌റൈറ്റര്‍ ലിപിയില്‍ എഴുതുകയും വായിക്കുകയും വേണ്ടിവന്നേക്കും.

മലയാളത്തില്‍ കൂട്ടക്ഷരങ്ങള്‍ പ്രധാനമാണ്. അതു പോലെത്തന്നെയാണ് ആവശ്യമെങ്കില്‍
ചന്ദ്രക്കലയിട്ട് പിരിച്ചെഴുതുന്നതും. മലയാളത്തിന് പ്രത്യേകമായി ചില്ലുകളുമുണ്ട്. ഇവയ്ക്കെല്ലാം വേണ്ടി ചന്ദ്രക്കലയുടെ പെരുമാറ്റരീതിയില്‍ വ്യത്യാസം വരുത്തേണ്ടതുണ്ട്. ഇതിനായി യൂണിക്കോഡ് നിര്‍ദ്ദേശിച്ചിട്ടുള്ളത് ZWJ,ZWNJ എന്നിവയാണ്. ZWJ ചില്ലുകള്‍ കാണിക്കുന്നതിനും ZWNJ
കൂട്ടക്ഷരങ്ങളെ വേര്‍പിരിക്കുന്നതിനും ഉപയോഗിക്കുന്നു. പല അപ്ലിക്കേഷനുകളും ഇവയെ നിലനിര്‍ത്തുകയും ശരിയായി തന്നെ കാണിക്കുകയും ചെയ്യുന്നുുണ്ട്. അങ്ങനെയല്ലാത്തവ തിരുത്തപ്പെടേണ്ടതാണ്. മലയാളത്തിനു മാത്രമല്ല മറ്റു ഭാരതീയ ഭാഷകള്‍ക്കും ഇവയുടെ സാന്നിദ്ധ്യം ആവശ്യമാണ്.

ഇപ്പോള്‍ നടക്കുന്ന പ്രത്യേകമായ ചില്ല് എന്‍കോഡിങ്ങിനുള്ള ശ്രമം ZWJ,ZWNJ എന്നിവയെഒഴിവാക്കുന്ന അപ്ലിക്കേഷനുകള്‍ക്കുവേണ്ടി വാദിക്കുന്നവര്‍ നടത്തുന്നതാണ്. ഇതുകൊണ്ട് ചില border line സംഗതികള്‍ പരിഹരിക്കപ്പെടുന്നു എന്നാണ് അവകാശവാദം. ഉദാ: 'വന്യവനിക/വന്‍യവനിക' യില്‍ ഇവയെ വേര്‍തിരിക്കുന്നത് ZWJ ആണ്. അതിനാല്‍ ZWJ നെ തള്ളുന്ന അപ്ലിക്കേഷന്‍ ഇവ തമ്മിലുള്ള അന്തരം ഇല്ലാതാക്കുന്നു.

ഇത് പരിഹരിക്കാനായാണ് പ്രത്യേകമായ ചില്ല് എന്‍കോഡിങ്ങ് വേണമെന്ന് ഒരു കൂട്ടര്‍ വാദിക്കുന്നത്. ഇത്തരം 'കര്‍ട്ടണ്‍ വാക്കുകള്‍' ഏതാനും എണ്ണം ഗവേഷണം ചെയ്ത് കണ്ടെത്തിയിട്ടുമുണ്ട് ഇവര്‍; നല്ലതു തന്നെ. പക്ഷെ അപ്ലിക്കേഷനുകളുടെ, ZWJ,ZWNJ തള്ളുന്ന പ്രവണതയെ ഇല്ലാതാക്കണമെന്ന്
ഇവര്‍ കരുതുന്നുമില്ല. യഥാര്‍ത്ഥത്തില്‍ ഇതിനായിരുന്നു മുന്‍ഗണന കൊടുക്കേണ്ടിയിരുന്നത്.

ശരി,ചില്ലകള്‍ എന്‍കോഡ് ചെയ്തെന്നു തന്നെയിരിക്കട്ടെ. 'കര്‍ട്ടണ്‍ വാക്കുകളു'ടെ പ്രശ്നം തലതിരിഞ്ഞ അപ്ലിക്കേഷനുകളെ സംബന്ധിച്ചിടത്തോളം തീരുകയും ചെയ്യും. അപ്പോഴും കൂട്ടക്ഷരങ്ങള്‍ പിരിക്കുന്നതിന്
ഉപയോഗിക്കുന്ന ZWNJനെ അപ്ലിക്കേഷനുകള്‍ തള്ളുന്ന കാര്യം പരിഹൃതമാക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നില്ല. ഇതിന് ഇവര്‍ പറയുന്ന ന്യായം ZWNJനെ തള്ളുന്നതുകൊണ്ട് അര്‍ത്ഥ വ്യത്യാസം ഉണ്ടാകുന്നില്ല എന്നതാണ്. പക്ഷെ, അനാവശ്യമായി കൂട്ടക്ഷരങ്ങള്‍ ഉണ്ടാകുമ്പോള്‍ എഴുതിയ മലയാളം വികലമായി കാണുന്നു; ചിലപ്പോള്‍ അര്‍ത്ഥവ്യത്യാസവും വന്നേക്കാം. അതായത് നിങ്ങള്‍ എഴുതിയ രീതിയില്‍ തന്നെ പിന്നീട് കാണപ്പെടുമെന്ന് യാതൊരു ഉറപ്പുമില്ലെന്നു സാരം. അങ്ങനെ ഉറപ്പിച്ചു പറയാമോ?

ഇല്ല.അവിടെയാണ് ടൈപ്‌റൈറര്‍ ലിപി വരുന്നത്. മലയാളികള്‍ ചവറ്റുകുട്ടയില്‍ തള്ളിയ ഇതിനെ വീണ്ടും എഴുന്നെള്ളിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് മേല്‍പ്പറഞ്ഞ ഇടപെടലുകള്‍ ചില വ്യക്തികള്‍ നടത്തുന്നത്. ടൈപ്‌റൈറ്റര്‍ ലിപി അര്‍ത്ഥവ്യത്യാസം ഉണ്ടാക്കുകയില്ല. കൂട്ടക്ഷരങ്ങളെയെല്ലാം പിരിച്ചുതന്നെ കാണിക്കും. എഴുതിയത് 'അതുപോലെ തന്നെ' വായിക്കാം(നര്‍മ്മബോധമുണ്ടെങ്കില്‍ വേറൊരു രീതിയിലും വായിക്കാം!). ZWJഉം ZWNJഉം ആവശ്യമായി വരുന്നില്ല. ന്യായവാദങ്ങള്‍ ഇനിയും കണ്ടെക്കാം.

അതുകൊണ്ട് മലയാള ഭാഷയെ സ്നേഹിക്കുന്നവര്‍ വ്യക്തമാക്കുക. ZWJഉം ZWNJഉം ഇല്ലാത്ത ടൈപ്‌റൈറര്‍ മലയാളം വേണോ അതോ ZWJഉം ZWNJഉം അടങ്ങിയ, നമ്മുടെ പ്രിയപ്പെട്ട അക്ഷരങ്ങള്‍ അതുപോലെ കാണിക്കുന്ന, നമ്മള്‍ ഇതുവരെ ശീലിച്ച നമ്മുടെ മലയാളം വേണോ എന്ന്.

ഇതും കൂടി കാണുക.

3 comments:

ശ്രീ said...

ഉപകാര പ്രദമായ പോസ്റ്റ്...

നമ്മുടെ മലയാളത്തെ അതു പോലെ തന്നെ കാണിക്കുന്ന ലിപി മതി നമുക്ക്.
:)

Kalesh Kumar said...

ഇത് ആരും ശ്രദ്ധിച്ചിട്ടില്ലെന്ന് തോന്നുന്നു.
വളരെ സീരിയസ്സ്സായൊരു സംവാദം നടക്കേണ്ടിയിരിക്കുന്നു.

എവിടെ പുലികള്‍?

Santhosh Thottingal സന്തോഷ് തോട്ടിങ്ങല്‍ said...

സംവാദങ്ങള്‍ പലതു നടന്നു. ഇന്‍ഡിക് മെയില്ങ്ങ് ലിസ്റ്റില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടന്നു. കണിശതയാര്‍ന്ന ചോദ്യങ്ങള്‍ക്കുത്തരം നല്കാതെ ചില്ലു വാദികള്‍ ഒഴിഞ്ഞു മാറി.
ഇപ്പോള്‍ ബൂലോകത്തില്‍ നിലനില്‍കുന്ന മലയാളം ഒരു സുപ്രഭാതത്തില്‍ അസാധുവാകുമെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?
ഇതും കാണുക