Monday, February 11, 2008

'അവനവന്‍' കടമ്പ

ആണവചില്ലുവാദികള്‍ ഉപയോഗിക്കുന്ന തുരുപ്പുചീട്ടാണത്രേ 'അവന്/അവന്‍'
പ്രശ്നം.ദീര്‍ഘകാലത്തെ മലയാളം ബ്ലോഗിങ്ങിനുശേഷം സാക്ഷാല്‍ ഉമേഷ് പോലും
ഇതില്‍ വീണുപോയി എന്നാണു് അദ്ദേഹം പറയുന്നതു്.വന്യവനികയില്‍
നിന്നു് ഇപ്പോള്‍ 'അവന്/അവന്‍' പ്രശ്നത്തില്‍ ഊന്നിനില്ക്കുകയാണു്
ആണവചില്ലുവാദികള്‍.യൂണിക്കോഡിനെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നതോടൊപ്പം
മേല്പറഞ്ഞ കാര്യത്തില്‍ ഇപ്പോള്‍ നിലപാടു് വ്യക്തമാക്കുന്നുമുണ്ടു് ഉമേഷ്.

'അവനവന്‍' പ്രശ്നം


ആദ്യമേ
പറയട്ടേ ഇതു് പിഴവുള്ള അപ്ലിക്കേഷനുകളില്‍ മാത്രം കാണുന്ന
പ്രശ്നമാണു്.അതായതു് അത്തരം അപ്ലിക്കേഷനുകള്‍ മലയാളത്തിലെ ചില്ലു രൂപം
പ്രദര്‍ശിപ്പിക്കാന്‍ ഉപയോഗിക്കുന്ന ZWJ എന്ന യൂണിക്കോഡ് കാരക്റ്റര്‍
ആവശ്യമില്ല എന്ന ധാരണയില്‍ ഉപേക്ഷിക്കുമ്പോള്‍ സംഭവിക്കുന്നതു്.ഇത്രത്തോളം
ഗുരുതരം അല്ലാത്ത മറ്റൊരു പ്രശ്നവും ഇതോടൊപ്പം ഉണ്ടാകുന്നുണ്ടു്.ZWNJ എന്ന
കാരക്റ്റര്‍ ഉപയോഗിച്ചു് 'റഹ്‌മാന്‍' എന്നു് നാം വ്യക്തമായി എഴുതിയാലും
മേല്പറഞ്ഞ പിഴവുള്ള അപ്ലിക്കേഷനുകള്‍ അവയെ 'റഹ്മാന്‍' എന്നു് എന്നു്
വികലമായി കാണിക്കും.

അതായതു്
ഇപ്പോള്‍ നാം മലയാളം സ്വഛന്ദം ഉപയോഗിക്കുന്നു,പ്രശ്നമില്ലാതെ
തന്നെ.കൂട്ടക്ഷങ്ങള്‍ ഏതൊക്കെ യൂണിക്കോഡ് കാരക്റ്ററുകള്‍
ചേര്‍ന്നുണ്ടായതാണെന്നതു് ഒരു സാധാരണ ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം
അപ്രസക്തമാണു്.അതുകൊണ്ടാണു് അവര്‍ക്കു് ഇത്തരം കാര്യങ്ങളില്‍ വേവലാതി
കാണാത്തതു്.മലയാളത്തില്‍ ഭാഷാസംബന്ധിയായ ധാരാളം ലേഖനങ്ങള്‍ എഴുതുന്നതിനു്
തടസ്സം ഇല്ലാത്തതുകൊണ്ടാകാം ഉമേഷും ഇക്കാര്യത്തില്‍ ഇതുവരെ
ഇടപെടാതിരുന്നതു്.സ്ക്രീനിലെ മലയാളം ടെസ്റ്റുചെയ്യാന്‍ ഞാന്‍ പലപ്പോഴും ഉപയോഗിച്ചിട്ടുള്ളതു് ഉമേഷിന്റെ ബ്ലോഗ് ആണു്.

'അവന്‍'
എന്ന സര്‍വ്വനാമം, മുറിവേറ്റു് അംഗഭംഗം വന്ന ചില്ലുമായി നില്ക്കുമ്പോള്‍
(അപ്ലിക്കേഷനുകള്‍ ZWJ-നെ അരിഞ്ഞുകളയുമ്പോഴാണു് പ്രശ്നം തുടങ്ങുന്നതു്)
അതിനു് 'അവന്' എന്നു് രൂപഭേദം വരുകയും അതിനെ പ്രസ്തുത സര്‍വ്വനാമത്തിന്റെ
പ്രത്യയം ചേര്‍ന്ന രൂപമായി കാണുകയും ചെയ്യുന്നതാണു് 'അവനവന്‍'
പ്രശ്നം.അപ്ലിക്കേഷനുളുടെ ഇത്തരം വികൃതി സാധാരണ ഗതിയില്‍ ടെക്സ്റ്റ്
പോതുവെ ഒന്നു നോക്കിയാല്‍ context നിന്നും തിരിച്ചറിയാന്‍ കഴിയും.അവിടെ
അര്‍ത്ഥവ്യത്യാസം ഉണ്ടാകുന്ന എന്നതു് മിഥ്യാവാദം ആണു്.സ്റ്റൈല്‍ വ്യത്യാസം
ആണു് ഉണ്ടാകുന്നതു്.'അവന്‍മാര്‍', 'അവന്മാര്‍' എന്നിവയിലെ സ്റ്റൈല്‍
വ്യത്യാസം പോലെ.ചിലപ്പോള്‍ ഇത്തരം സ്റ്റൈല്‍ ഭേദം ഭാഷയില്‍ വ്യത്യസ്ത
രീതിയലുള്ള വായനയ്ക്കു് കാരണമാകുന്നുണ്ടു്.ഉദാഹരണത്തിനു് 'ന്റ' യുടെ
കാര്യം.'ന്റ','ന്‍റ' എന്നീ രൂപഭേദങ്ങള്‍ 'എന്റെ' എന്ന വാക്കില്‍
വായനയ്ക്കു് പ്രശ്നം ഉണ്ടാക്കില്ല.എന്നാല്‍ 'മോഹന്‍റായ്' എന്ന
പേരെഴുതുമ്പോള്‍ കാര്യം മാറുന്നു.ഇങ്ങനെ നോക്കുമ്പോള്‍ സ്റ്റൈല്‍
വ്യത്യാസം മാത്രം എന്ന പേരില്‍ എല്ലാത്തിനേയും ഒന്നായികാണാന്‍
കഴിയില്ല.ചിലപ്പോള്‍ സ്റ്റൈല്‍ വ്യത്യാസം തത്‌സ്ഥാനത്തു്
അത്യന്താപേക്ഷിതമായിരിക്കും.

അതുപോലെ
'നന്മ/നന്‍മ' എന്നതു് gray/grey പോലെയാണു് എന്ന വാദം
യുക്തിസഹമല്ല.രണ്ടാമത്തേതിന്റെ ഉദ്ഭവത്തിനു് ചരിത്രപരമായ കാരണങ്ങള്‍
ഉണ്ടു്.അവയിലടങ്ങിയിട്ടുള്ള അക്ഷരങ്ങള്‍ വ്യത്യസ്തവുമാണു്.ഇത്തരം
വാക്കുകളുടെ എണ്ണം താരതമ്യേന പരിമിതവുമാണു്.പലപ്പോഴും ഇവ വ്യത്യസ്ത
ലൊകാലുകളിലായി തരം തിരിച്ചിട്ടുണ്ടു്.colour/color പോലെ.എന്നാല്‍
മലയാളത്തിന്റെ കാര്യത്തില്‍ മേല്പറഞ്ഞ തരത്തിലുള്ള അസംഖ്യം
വാക്കുകള്‍ക്കുതന്നെ സാധ്യതയുണ്ടു്.അതേസമയം അവയില്‍ അടങ്ങിയിട്ടുള്ള
മൂലാക്ഷരങ്ങളും ഒന്നു തന്നെയാണു്.താരതമ്യം ആകാവുന്നതു് Gray/gray
എന്നതുമായാണു്.

ഇങ്ങനെ
ശൈലീഭേദങ്ങളെ സ്പെല്ലിങ് വ്യത്യാസങ്ങളായി തള്ളി, എങ്ങനെയെങ്കിലും
ആണവചില്ലു് വന്നേ തീരു എന്നു ശഠിക്കുന്നവര്‍ എഴുത്തു രീതിയിയെ തരം
തിരിച്ചു് പിന്നീടു് വൈവിധ്യങ്ങളെ ഇല്ലാതാക്കാന്‍
ശ്രമിക്കുന്നവരാണു്.വൈവിധ്യത്തേയും നാനാത്വത്തേയും എന്നും
എതിര്‍ത്തിട്ടുള്ളതു് അധികാരതല്പരര്‍ മാത്രമാണു്.