Friday, August 31, 2007

മലയാളത്തിനു മാതൃക ജീമെയിലാണോ?

മലയാളികള്‍ എറ്റവും കൂടുതലായി ഉപയോഗപ്പെടുത്തുന്ന ബ്ലോഗിങ്ങ് പ്ലാറ്റ്ഫോം
ബ്ലോഗര്‍ ആണ്. അവരുടെ ഈ മെയില്‍ എക്കൌണ്ട് മിക്കതും ജീമെയിലില്‍ ആകാനും
ആണ് സാധ്യത. ജീമെയില്‍ ZWJനേയും ZWNJനേയും നിഷ്കരുണം തള്ളുന്ന കാര്യം
എവരും ശ്രദ്ധിച്ചിരിക്കുമെന്നും കരുതുന്നു. അറ്റോമിക്‍ ചില്ലുവാദികള്‍
ഇവരില്‍ പലരേയും പറഞ്ഞുധരിപ്പിച്ചിരിക്കുന്നത് ചില്ല് എന്‍കോഡിങ്ങ്
വന്നുകഴിഞ്ഞാല്‍ എല്ലാം ശരിയാകും എന്നാണ്. എന്നാല്‍ ZWNJ
തള്ളുന്നതുകൊണ്ടുള്ള പ്രശ്നം അതേപടി നിലനില്ക്കും എന്ന് ജീമെയില്‍
ഉപയോഗിക്കുന്നവര്‍ ഓര്‍ക്കുക. പേരുകള്‍ കൂടിക്കുഴയാതെ ശരിയായി
കാണിക്കുവാന്‍ ZWNJനെ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.



അപ്പോള്‍ ഏതു കാര്യത്തിനാണ് പ്രാമുഖ്യം നല്‍കേണ്ടത്? ZWJനേയും ZWNJനേയും
ജീമെയില്‍ തള്ളുന്നത് ഒഴിവാക്കുന്നതിനാണോ അതോ ധൃതിപിടിച്ച് ചില്ല്
എന്‍കോഡിങ്ങ് നടപ്പാക്കുന്നതിനാണോ? ജീമെയില്‍ ഉപയോഗിക്കുന്നവര്‍ ദയവായി
ഉത്തരം നല്കുക.



Thursday, August 30, 2007

ടൈപ്‌റൈറ്റര്‍ ലിപി കൊണ്ടുവരുന്നു എന്നു പറയാന്‍ കാരണമെന്ത്?

  1. ZWJ/ZWNJ മലയാളത്തിനും മറ്റു പല ഭാഷകള്‍ക്കും അവശ്യം വേണ്ടവയാണ്.ISCII സമ്പ്രദായത്തില്‍ ഇവയ്ക്കു സമാനമായി nukta ഉണ്ടായിരുന്നു. formattingനു വേണ്ടി മാത്രമാണ് ഇവ എന്ന കാര്യം പലഭാഷകളും അംഗീകരിക്കുന്നില്ല. അതിനാല്‍ ഭാവിയില്‍ ഇവയുടെ നില ഉയര്‍ത്തപ്പെടും എന്ന കാര്യം നിശ്ചയമാണ്. അതിനാല്‍ ZWJന്റെ പേരില്‍ ചില്ല് എന്‍കോഡ് ചെയ്യുന്നതിന് ന്യായീകരണമില്ല. (എല്ലാ വ്യഞ്ജനങ്ങള്‍ക്കും ചില്ലുരൂപം ഉണ്ട് എന്ന് സങ്കല്പിക്കുയാണെങ്കില്‍ അവയുടെയെല്ലാം ചില്ലുരൂപം എന്‍കോഡ് ചെയ്യപ്പെടാന്‍ സാധ്യതയില്ല. അതുകൊണ്ട് എണ്ണത്തില്‍ കുറവായതുകൊണ്ട് ചില്ല് എന്‍കോഡിങ് ആവാം എന്നു പറഞ്ഞാല്‍ അത് യുക്തിസഹമാവില്ല.) ചില്ല് എന്‍കോഡിങ് നടന്നു കഴിഞ്ഞാല്‍ Application നുകള്‍ ZWJ തള്ളുന്നതുകൊണ്ടുള്ള പ്രശ്നം ഒഴിവായേക്കും; പക്ഷെ ZWNJ നെ തള്ളുന്നതുകൊണ്ടള്ള പ്രശ്നങ്ങള്‍ നിലനില്ക്കും. അതായത് നിങ്ങള്‍ ഒരിക്കലും കൂടിച്ചരരുത് എന്നു കരുതി, ZWNJ ഉപയോഗിച്ച് വേര്‍പിരിച്ചെഴുതിയ അക്ഷരങ്ങള്‍ കൂടിച്ചര്‍ന്ന് കൂട്ടക്ഷരം ഉണ്ടവുകയും എഴുതിയത് വികലമായി കാണുകയും ചെയ്യും.(ഇതിന് ധാരാളം ഉദാഹരണങ്ങള്‍ റാല്‍മിനോവ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.) അപ്പോള്‍ നിങ്ങള്‍ എഴുതിയതിന് അനന്യസ്വഭാവം ഉണ്ടാകണമെങ്കില്‍ ഒരേ ഒരു മാര്‍ഗ്ഗമേയുള്ളു. എഴുതാനും വായിക്കാനും കൂട്ടക്ഷരങ്ങള്‍ ഒഴിവാക്കിയ ഫോണ്ട് ഉപയോഗിക്കുക. അതുതന്നെയാണ് ടൈപ്‌റൈറ്റര്‍ ലിപി!
  2. ചില്ല് എന്‍കോഡിങ്ങിനു വേണ്ടി ശ്രമിക്കുന്ന അതേ കൂട്ടരില്‍ നിന്നുണ്ടായ മറ്റൊരു വാദമാണ് മലയാളത്തില്‍ ലംബമായി രൂപപ്പെടുന്ന കൂട്ടക്ഷരങ്ങള്‍ പലതും കാഴ്ചയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നും അതിനാല്‍ അവയെ ഒഴിവാക്കണമെന്നത്. ഇത് യഥാര്‍ത്ഥത്തില്‍ latin അക്ഷരങ്ങളുടെ point size ആയി താരതമ്യം ചെയ്യുന്നതുകൊണ്ടുള്ള പ്രശ്നമാണ്. മലയാളത്തില്‍ ഫോണ്ട് സൈസ് ആവശ്യാനുസൃതം ഉപയോഗിക്കേണ്ടതാണ്. അതുപോലെ ഫോണ്ട് മെട്രിക്സും യോജിച്ചരീതിയില്‍ ആയിരിക്കണം. (ഈ പ്രശ്നങ്ങള്‍ പരിഹരിച്ച്, ഹൂസൈന്റെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആയ ഒരു ഫോണ്ട് ഉടന്‍ പുറത്തിറങ്ങുന്നുണ്ട്).
  3. മലയാളം എഴുത്തില്‍ അവശ്യം ഉണ്ടായിരിക്കേണ്ട കൂട്ടക്ഷരങ്ങളുടെ ഒരു സ്റ്റാന്‍ഡേര്‍ഡ് വേണമെന്ന വാദം ഇക്കൂട്ടര്‍ തള്ളിക്കളഞ്ഞു.(ബൂലോക ക്ലബ്ബിലെ പോസ്റ്റില്‍ കാണാം ഇത്). ഫോണ്ട് നിര്‍മ്മിതി എളുപ്പമാവില്ല എന്നാണ് ഇതിനു പറഞ്ഞ ന്യായം. എറ്റവും എളുപ്പം നിര്‍മ്മിക്കാവുന്നത് ടൈപ്‌റൈറ്റര്‍ ലിപി അനുസരിക്കുന്ന ഫോണ്ട് ആണ് എന്നതാണ് വസ്തുത.

Sunday, August 26, 2007

മലയാളിക്കു വേണ്ടാത്തതും വെണ്ടര്‍ക്കു വേണ്ടതും

യൂണിക്കോഡില്‍ ടൈപ്‌റൈറ്റര്‍ ലിപി വരുന്നതിന് ന്യായീകരണമായി ZWJ/ZWNJ വിരോധികള്‍ പറയുന്നതാണ് സോഫ്റ്റ്‌വെയര്‍ വെണ്ടര്‍മാര്‍ക്കുവേണ്ടിയാണ് ഇത് ചെയ്യുന്നത് എന്ന്. പ്രധാനമായും കുത്തകകളായ ചില സോഫ്റ്റ് വെയര്‍ കമ്പനികള്‍ക്കുവേണ്ടിയാണ് മലയാളത്തെ വെട്ടിമുറിക്കുന്നത് (ഇതിനു ശ്രമിക്കുന്നവരില്‍ പലരും ഇത്തരം കുത്തകകള്‍ക്കു വേണ്ടി ജോലിചെയ്യുന്നവരാണ് എന്നും ഓര്‍ക്കാം). അതായത് മലയാളം എങ്ങനെ എഴുതണം, സൂക്ഷിക്കണം, വായിക്കണം എന്ന് ഇനി ചില കുത്തക സോഫ്റ്റ്‌വെയര്‍ കമ്പനിക്കാര്‍ തീരുമാനിക്കും എന്നു ചുരുക്കം. മൈക്രോസോഫ്റ്റ് പോലുള്ള കുത്തകകള്‍ എപ്പോഴും ശ്രമിക്കുന്ന കാര്യമാണ്, തങ്ങള്‍ ഉണ്ടാക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഔദ്യോഗിക സ്റ്റാന്‍ഡേര്‍ഡ് ആക്കുക എന്നത്.

സ്വതന്ത്രസോഫ്റ്റ്‌വെയര്‍ രംഗത്ത് മലയാളം യൂണിക്കോഡ് വളരെ മുന്‍പ് തന്നെ പ്രയോഗത്തില്‍ വന്നുകഴിഞ്ഞതാണ്.യൂണിക്കോഡ് അധിഷ്ടിതമായ സോഫ്റ്റ്‌വെയറുകളും വന്നുകൊണ്ടിരിക്കുന്നു.(ഉദാ: സന്തോഷ് തോട്ടിങ്ങല്‍ സ്പെല്‍ചെക്കറും അലെക്സ് ടൈപ്‌സെറ്റിങ്ങിനായി Malayalam-omegaയും ഉണ്ടാക്കിയിട്ടുണ്ട്) ZWJ/ZWNJഇവയില്ലാം ഉപയോഗിച്ചിട്ടുണ്ട്, പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ട്. എന്നാലും
ZWJ/ZWNJ വിരുദ്ധര്‍ മുന്നോട്ടു തന്നെ പോകുന്നു, ലിപിയെവെട്ടിമുറിക്കാന്‍. സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ പ്രത്യേകത എതുതരം പ്രശ്നവും പരിഹരിക്കാന്‍ വെണ്ടറെ ആശ്രയിക്കേണ്ടതില്ല എന്നതാണ്.
മലയാളത്തിന്റെയും മലയാളികളുടേയും താല്പര്യങ്ങള്‍ക്കും അഭിരുചിക്കും പ്രത്യേകതകള്‍ക്കും അനുസരിച്ചാണ് അവയുടെ വികസനവും മുന്നേറ്റവും കൂട്ടിച്ചേര്‍ക്കലും എല്ലാം; വെണ്ടറുടെ താല്പര്യങ്ങള്‍ക്കനുസരിച്ചല്ല.

മലയാളം ബ്ലോഗുകളില്‍ ഇത്രകാലവും ZWJ/ZWNJ ഉപയോഗിച്ച് പ്രശ്നമില്ലാതെ മലയാളംഉപയോഗിച്ചുപോരുന്നണ്ട്. ഉള്ളടക്കത്തിലും മലയാളം വളരെയേറെ മുന്നേറിയിരിക്കുന്നു. ഇനിയിപ്പോള്‍ അതെല്ലാം മാറ്റിമറിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.



Wednesday, August 22, 2007

ടൈപ്‌റൈറ്റര്‍ മലയാള ഭീഷണി കംപ്യൂട്ടര്‍ ലോകത്തും

യൂണിക്കോഡിന്റെ വരവോടെ എല്ലാവര്‍ക്കും ഒരേ രീതിയില്‍, ലിപികളുടേയും അക്ഷരങ്ങളുടേയും തനിമ നഷ്ടപ്പെടാതെ മലയാളം എഴുതാനും വായിക്കാനും സൂക്ഷിച്ചുവയ്ക്കാനും കഴിയുമെന്നായിരുന്നു ധാരണ. എന്നാല്‍ ചിലരുടെ പിടിവാശിമൂലം ഇതു നടക്കാതിരിക്കാനാണ് സാധ്യത. അല്ലെങ്കില്‍ എല്ലാവരും ടൈപ്‌റൈറ്റര്‍ ലിപിയില്‍ എഴുതുകയും വായിക്കുകയും വേണ്ടിവന്നേക്കും.

മലയാളത്തില്‍ കൂട്ടക്ഷരങ്ങള്‍ പ്രധാനമാണ്. അതു പോലെത്തന്നെയാണ് ആവശ്യമെങ്കില്‍
ചന്ദ്രക്കലയിട്ട് പിരിച്ചെഴുതുന്നതും. മലയാളത്തിന് പ്രത്യേകമായി ചില്ലുകളുമുണ്ട്. ഇവയ്ക്കെല്ലാം വേണ്ടി ചന്ദ്രക്കലയുടെ പെരുമാറ്റരീതിയില്‍ വ്യത്യാസം വരുത്തേണ്ടതുണ്ട്. ഇതിനായി യൂണിക്കോഡ് നിര്‍ദ്ദേശിച്ചിട്ടുള്ളത് ZWJ,ZWNJ എന്നിവയാണ്. ZWJ ചില്ലുകള്‍ കാണിക്കുന്നതിനും ZWNJ
കൂട്ടക്ഷരങ്ങളെ വേര്‍പിരിക്കുന്നതിനും ഉപയോഗിക്കുന്നു. പല അപ്ലിക്കേഷനുകളും ഇവയെ നിലനിര്‍ത്തുകയും ശരിയായി തന്നെ കാണിക്കുകയും ചെയ്യുന്നുുണ്ട്. അങ്ങനെയല്ലാത്തവ തിരുത്തപ്പെടേണ്ടതാണ്. മലയാളത്തിനു മാത്രമല്ല മറ്റു ഭാരതീയ ഭാഷകള്‍ക്കും ഇവയുടെ സാന്നിദ്ധ്യം ആവശ്യമാണ്.

ഇപ്പോള്‍ നടക്കുന്ന പ്രത്യേകമായ ചില്ല് എന്‍കോഡിങ്ങിനുള്ള ശ്രമം ZWJ,ZWNJ എന്നിവയെഒഴിവാക്കുന്ന അപ്ലിക്കേഷനുകള്‍ക്കുവേണ്ടി വാദിക്കുന്നവര്‍ നടത്തുന്നതാണ്. ഇതുകൊണ്ട് ചില border line സംഗതികള്‍ പരിഹരിക്കപ്പെടുന്നു എന്നാണ് അവകാശവാദം. ഉദാ: 'വന്യവനിക/വന്‍യവനിക' യില്‍ ഇവയെ വേര്‍തിരിക്കുന്നത് ZWJ ആണ്. അതിനാല്‍ ZWJ നെ തള്ളുന്ന അപ്ലിക്കേഷന്‍ ഇവ തമ്മിലുള്ള അന്തരം ഇല്ലാതാക്കുന്നു.

ഇത് പരിഹരിക്കാനായാണ് പ്രത്യേകമായ ചില്ല് എന്‍കോഡിങ്ങ് വേണമെന്ന് ഒരു കൂട്ടര്‍ വാദിക്കുന്നത്. ഇത്തരം 'കര്‍ട്ടണ്‍ വാക്കുകള്‍' ഏതാനും എണ്ണം ഗവേഷണം ചെയ്ത് കണ്ടെത്തിയിട്ടുമുണ്ട് ഇവര്‍; നല്ലതു തന്നെ. പക്ഷെ അപ്ലിക്കേഷനുകളുടെ, ZWJ,ZWNJ തള്ളുന്ന പ്രവണതയെ ഇല്ലാതാക്കണമെന്ന്
ഇവര്‍ കരുതുന്നുമില്ല. യഥാര്‍ത്ഥത്തില്‍ ഇതിനായിരുന്നു മുന്‍ഗണന കൊടുക്കേണ്ടിയിരുന്നത്.

ശരി,ചില്ലകള്‍ എന്‍കോഡ് ചെയ്തെന്നു തന്നെയിരിക്കട്ടെ. 'കര്‍ട്ടണ്‍ വാക്കുകളു'ടെ പ്രശ്നം തലതിരിഞ്ഞ അപ്ലിക്കേഷനുകളെ സംബന്ധിച്ചിടത്തോളം തീരുകയും ചെയ്യും. അപ്പോഴും കൂട്ടക്ഷരങ്ങള്‍ പിരിക്കുന്നതിന്
ഉപയോഗിക്കുന്ന ZWNJനെ അപ്ലിക്കേഷനുകള്‍ തള്ളുന്ന കാര്യം പരിഹൃതമാക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നില്ല. ഇതിന് ഇവര്‍ പറയുന്ന ന്യായം ZWNJനെ തള്ളുന്നതുകൊണ്ട് അര്‍ത്ഥ വ്യത്യാസം ഉണ്ടാകുന്നില്ല എന്നതാണ്. പക്ഷെ, അനാവശ്യമായി കൂട്ടക്ഷരങ്ങള്‍ ഉണ്ടാകുമ്പോള്‍ എഴുതിയ മലയാളം വികലമായി കാണുന്നു; ചിലപ്പോള്‍ അര്‍ത്ഥവ്യത്യാസവും വന്നേക്കാം. അതായത് നിങ്ങള്‍ എഴുതിയ രീതിയില്‍ തന്നെ പിന്നീട് കാണപ്പെടുമെന്ന് യാതൊരു ഉറപ്പുമില്ലെന്നു സാരം. അങ്ങനെ ഉറപ്പിച്ചു പറയാമോ?

ഇല്ല.അവിടെയാണ് ടൈപ്‌റൈറര്‍ ലിപി വരുന്നത്. മലയാളികള്‍ ചവറ്റുകുട്ടയില്‍ തള്ളിയ ഇതിനെ വീണ്ടും എഴുന്നെള്ളിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് മേല്‍പ്പറഞ്ഞ ഇടപെടലുകള്‍ ചില വ്യക്തികള്‍ നടത്തുന്നത്. ടൈപ്‌റൈറ്റര്‍ ലിപി അര്‍ത്ഥവ്യത്യാസം ഉണ്ടാക്കുകയില്ല. കൂട്ടക്ഷരങ്ങളെയെല്ലാം പിരിച്ചുതന്നെ കാണിക്കും. എഴുതിയത് 'അതുപോലെ തന്നെ' വായിക്കാം(നര്‍മ്മബോധമുണ്ടെങ്കില്‍ വേറൊരു രീതിയിലും വായിക്കാം!). ZWJഉം ZWNJഉം ആവശ്യമായി വരുന്നില്ല. ന്യായവാദങ്ങള്‍ ഇനിയും കണ്ടെക്കാം.

അതുകൊണ്ട് മലയാള ഭാഷയെ സ്നേഹിക്കുന്നവര്‍ വ്യക്തമാക്കുക. ZWJഉം ZWNJഉം ഇല്ലാത്ത ടൈപ്‌റൈറര്‍ മലയാളം വേണോ അതോ ZWJഉം ZWNJഉം അടങ്ങിയ, നമ്മുടെ പ്രിയപ്പെട്ട അക്ഷരങ്ങള്‍ അതുപോലെ കാണിക്കുന്ന, നമ്മള്‍ ഇതുവരെ ശീലിച്ച നമ്മുടെ മലയാളം വേണോ എന്ന്.

ഇതും കൂടി കാണുക.